തലയില്‍ ചുറ്റിക്കെട്ടിയിരുന്ന
വെള്ളത്തോര്‍ത്തു കൊണ്ടുള്ള ചുമ്മാട് അഴിച്ചു തോളിലേയ്ക്ക് ഇട്ടുകൊണ്ടാണ് സതീഷ്
അടുത്ത് കിടന്നിരുന്ന ഒഴിഞ്ഞ കസേരയില്‍ വന്നിരുന്നത്.
“വിശപ്പുണ്ട്, ആദ്യം ഒരു സാന്‍വിച്.
പുറകെ ഒരു പെപ്സിയും വേണം”. മലയാളിയായ കഫെറ്റീരിയക്കരനോട് ഓര്‍ഡര്‍ പറയുമ്പോള്‍
എനിക്കും ഒരെണ്ണം പറയട്ടെയെന്നു ചോദിക്കാന്‍ സതീഷിന്റെ മര്യാദ മറന്നില്ല.
“ഇന്നെത്ര ലോഡ് ഉണ്ടായിരുന്നു?”,
“രണ്ടു ലോഡ് കഴിഞ്ഞു. ഇനി ഒരെണ്ണം
കൂടിയുണ്ട്. ക്ഷീണം ഉണ്ട്. എന്നാലും സാരം ഇല്ല. പണി ഉള്ളപ്പോഴല്ലേ ഉണ്ടാകൂ.”
അത് പറയുമ്പോള്‍ ജോലിയുടെ ക്ഷീണം
മുഖത്ത് വരാതിരിക്കാന്‍ സതീഷ് പ്രത്യേകം ശ്രദ്ധിക്കുന്നത് പോലെ തോന്നി.
സതീഷ്, സതീഷ് മേനോന് ആണ്. തൃശൂര്ക്കാരന്.
പഠിപ്പിന് ബിരുദം. കാണാന്‍ സുമുഖന്‍. ലേശം പൊക്കം കുറവെങ്കിലും വിടര്‍ന്ന
നെറ്റിയും തുടുത്ത കവിളുകളും ചുരുണ്ട്, കട്ടി കൂടിയ മീശയും ഒക്കെ ചേരുമ്പോള്‍, ആ
കുറവ് നികത്തും. എണ്‍പതുകളിലെ ഒരു ബാലചന്ദ്രമേനോന് ലുക്ക്.
കുറച്ചുനാളത്തെ അടുപ്പം കൊണ്ട് കൂടുതല്‍
പരിചയം തോന്നിപ്പിക്കുന്ന പ്രകൃതം.
സതീഷ് ഗള്‍ഫില്‍ എത്തിയിട്ട് കുറെ
നാളായി. സ്ഥിരമായി ജോലി ആയിട്ടില്ല. വല്ലപ്പോഴും കിട്ടുന്ന “ലോഡിംഗ് അണ്‍ലോഡിംഗ്”
ആണ് ഇപ്പോഴത്തെ ജോലി. കൂലി എന്ന് ചുരുക്കിപ്പറയാം, അങ്ങിനെ ഒരു പ്രയോഗം ഗള്‍ഫില്‍
ഇല്ലങ്കിലും.
“സതീഷ് വന്നിട്ട് ഇപ്പോള്‍ ആറേഴു മാസം
ആയോ?”
സാന്‍വിച്ചിനു പുറത്തുള്ള വെള്ള പേപ്പര്‍
ഒരു ശല്ല്യം എന്ന മട്ടില്‍ സതീഷ് പിച്ചിക്കീറി മാറ്റുമ്പോഴായിരുന്നു എന്റെ ആ
ചോദ്യം.
“നാളേയ്ക്ക് പത്ത് മാസം തികയും......
ഒരു ജന്മം ഉരു ആകാനുള്ള സമയം”. സതീഷിന്റെ ആ പ്രയോഗം എനിക്ക് ഇഷ്ടപ്പെട്ടു.
“സ്ഥിരം ജോലിക്കൊന്നും ശ്രമിച്ചില്ലേ?”
“ശ്രമിക്കുന്നുണ്ട്. ഇടക്കൊക്കെ ഇന്റര്‍വ്യൂവിനും
പോകുന്നുണ്ട്”.
ഇന്റര്‍വ്യൂ എന്ന് കേട്ടപ്പോള്‍ അത്ഭുതം
തോന്നാതിരുന്നില്ല.
എംസിഎക്കാരും എംബിഎക്കാരും ഒക്കെ അപൂര്‍വം
ആയിരുന്ന തൊണ്ണൂറുകളുടെ ആദ്യം, ഗള്‍ഫിലെ ജോലിക്ക് ഇന്റര്‍വ്യൂകളും അപൂര്‍വം
ആയിരുന്നു. ആര്‍ക്കും ആരെങ്കിലും ഉണ്ടാകും എവിടെയെങ്കിലും ഒന്ന്
ശരിപ്പെടുത്തിക്കൊടുക്കാന്‍. അച്ഛനോ, ചേട്ടനോ, അമ്മാവനോ.....അങ്ങിനെ ആരെങ്കിലും.
ആരുമില്ലാത്തവര്‍ക്കാണ് ഫ്രീ വിസ. എന്ന് പറഞ്ഞാല്‍..... കാശ് കൊടുത്തു “വാങ്ങുന്ന”
വിസ. ജോലി ഉറപ്പില്ല. സ്വയം കണ്ടുപിടിച്ചു കൊള്ളണം. തൊഴില്‍ നിയമങ്ങളുടെ
ആനുകൂല്യങ്ങള്‍ ഒന്നുമില്ലാത്ത, ഒരു സുരക്ഷിതത്വവും ഉറപ്പില്ലാത്ത ജോലി, കിട്ടിയാല്‍ തന്നെ നിയമവിരുദ്ധം.
അത്തരം ഒരു ഫ്രീ വിസയിലാണ് സതീഷും ഗള്‍ഫില്‍
എത്തിയിരിക്കുന്നത്. ഒന്നും രണ്ടും ആയിരങ്ങള്‍ അല്ല, ആയിരത്തി തൊള്ളായിരത്തി
തൊണ്ണൂറ്റി മൂന്നിലെ നാല്പത്തി അയ്യായിരം രൂപ!.
തൃശൂര്‍ ടൌണിലെ പ്രശസ്തമായ ഒരു ജൂവെല്ലറി
ഷോപ്പിലെ സീനിയര്‍ സെയില്സ്മാന് ആയിരുന്നു സതീഷ്. എല്ലാവരെയും പോലെ ഗള്‍ഫും
സ്വപ്നം കണ്ടു ഒരുനാള്‍ മസ്കറ്റിലേയ്ക്ക് വിമാനം കയറി, ഫ്രീ വിസയില്‍.
“ഇന്റര്‍വ്യൂവിന് എവിടെയൊക്കെ പോയി?”
ഒത്തുവന്നാല്‍ ഒരു ജോലി മാറ്റം എനിക്കും ആകാം എന്നുള്ള ആകാംക്ഷയിലായിരുന്നു എന്റെ
ചോദ്യം.
“പോയ സ്ഥലങ്ങളും അനുഭവവും പറഞ്ഞാല്‍
വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. കേള്‍ക്കുമ്പോള്‍ തമാശയും.”
ജോലിയൊന്നും ഇല്ലാതെ ഒന്നുരണ്ടു മാസം
കടന്നുപോയപ്പോഴാണ് ഒരു മാന്‍പവര്‍ ഓഫീസില്‍ സതീഷ് പേര് രജിസ്റ്റര്‍ ചെയ്തത്.
ഒരുമാസം കഴിയുന്നതിനു മുന്‍പേ അവിടുന്നു വിളി വന്നു. ഒരു സുഡാനി കുടുംബത്തിലെ
വൃദ്ധനും രോഗിയുമായ പിതാവിനെ നോക്കാന്‍ ഒരു ഹൗസ് ബോയിയെ വേണം. താല്പര്യം
ഉണ്ടെങ്കില്‍ പിറ്റേ ദിവസം മാന്‍പവര്‍ ഓഫീസില്‍ ചെല്ലുക. ഒന്നും ആലോചിച്ചില്ല. ഗള്‍ഫിലെ
ആദ്യത്തെ തൊഴില്‍ ഹൗസ് ബോയിയുടേതാണങ്കില് അങ്ങിനെ ആകട്ടെ എന്ന് കരുതി. ജോലി ഹൗസ്
ബോയിയുടേതാണങ്കിലും ഉള്ളതില്‍ നല്ല പാന്റ്സും ഷര്‍ട്ടും ഷൂസും ഒക്കെ ഇട്ടാണു
പോയത്. പറഞ്ഞ സമയത്ത് തന്നെ മാന്‍പവര്‍
ഓഫീസില്‍ എത്തി.
സുഡാനിയുടെ ഭാര്യയാണ് അവരുടെ
വീട്ടിലേയ്ക്ക് കൂട്ടികൊണ്ടുപോയത്. കറുത്ത് തടിച്ച ഒരു സ്ത്രീ. ബലാത്സംഗശ്രമത്തില്‍
നിന്നും രക്ഷ പെട്ട സ്ത്രീ, അഴിഞ്ഞു പോയ വസ്ത്രങ്ങള്‍ തിടുക്കത്തില്‍ വാരിച്ചുറ്റിയ
പോലെയായിരുന്നു അവര്‍ വസ്ത്രം ധരിച്ചിരുന്നത്. പിന്നീടാണ് മനസിലായത്, സുഡാനി
സ്ത്രീകളുടെ വസ്ത്ര ധാരണ രീതി ഇങ്ങനെയാണെന്ന്.
വീടെത്തിയപ്പോള്‍ അവര്‍ രോഗിയായ ഭര്‍തൃപിതാവിനെ
പരിചയപ്പെടുത്തി. സ്ക്കൂള് പ്രായത്തിലുള്ള രണ്ടു മക്കള്‍. കൂടാതെ ഫിലിപ്പൈന്‍സ്കാരിയായ
ഒരു വേലക്കാരിയും. ഭര്‍ത്താവ് എത്താന്‍ ഇനിയും വൈകും. അത് വരെ വിശ്രമിക്കാം.
ജോലിയും ശമ്പളവും അറിയാന്‍ അയാള്‍ വരണം. മുറിഞ്ഞ ഇംഗ്ലീഷ് ഭാഷയിലുള്ള അവരുടെ
സംസാരം എല്ലാം മനസിലായില്ലങ്കിലും മറുത്തൊന്നും പറയാനില്ലായിരുന്നു.
ഇതിനിടയില്‍ ഫിലിപ്പൈന്‍സ്കാരിയായ
ജോലിക്കാരി വന്നു പരിചയപ്പെട്ടു. എലീസ. വഴിയിലും ഷോപ്പുകളിലും ഒക്കെ കണ്ടിട്ടുള്ള
ഫിലിപ്പൈന്സ്കാരില് ഒരാള്‍ ആണോ ഇവള് എന്ന് ആദ്യം തോന്നാതിരുന്നില്ല. എല്ലാ
ഫിലിപ്പൈന്‍സ്കാരി പെണ്ണുങ്ങള്‍ക്കും ഒരേ മുഖം ആണോ എന്ന് തോന്നിക്കും.
രാത്രി ഉറങ്ങാനുള്ള മുറി അവള്
കാണിച്ചുതന്നു. മുറിയിലെ രണ്ടു കട്ടിലുകളില്‍
ഒന്നാണ് എന്റേത്. മറ്റേ കട്ടില് ആരുടെതാണെന്ന് എലീസ പറഞ്ഞില്ല. ഇന്ത്യക്കാരനായ നിനക്ക് ഞാന്‍ അത്താഴത്തിന്
ചോറ് വെയ്ക്കാം എന്ന് പറഞ്ഞു അവള് അടുക്കളയിലേക്ക് പോയപ്പോള്‍ ഉറങ്ങാനുള്ള കട്ടിലിരുന്ന്
മുറി ഒന്ന് വീക്ഷിച്ചു, സതീഷ്.
മറ്റേ കട്ടിലോടിനോട് ചേര്‍ന്ന്
കിടക്കുന്ന സ്റ്റൂളില്‍ ഒരു ബൈബിളും അതിനു മുകളില്‍ ഒരു കൊന്തയും ഉണ്ട്. കട്ടിലും
മുറിയിലെ അന്തരീക്ഷവും കണ്ടപ്പോള്‍ .....പെട്ടന്ന് ഉള്ളിലൂടെ ഒരു തീ കാളി.
ദൈവമേ...ഇവളും ഈ മുറിയിലാണോ ഉറക്കം....
അവിവാഹിതന്റെ നെഞ്ചിലെ മിടിപ്പ് കൂടി. രാത്രി എലീസ കൂടിയുണ്ടാകുമോ ഈ മുറിയില്‍.....
ചിന്തകള്‍ കാടു കയറും മുന്‍പ് ഒരാള്‍
മുറിയിലേക്ക് കയറി വന്നു. സുഡാനി. ജോലിയും ശമ്പളവും തരേണ്ട ആള്. കൈ നീട്ടി.
പരിചയപ്പെട്ടു. ചായ തന്നു. ഒരുപാടു വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു, അയാള്‍. നാടും
വീടും. പഠിപ്പും അറിവും. അങ്ങിനെ എല്ലാം. നല്ല ഇംഗ്ലീഷ്. നല്ല സംസാരം. അറിയാവുന്ന
നല്ല ഇംഗ്ലീഷില്‍ തന്നെ മറുപടിയും പറഞ്ഞു കൊണ്ടിരുന്നു, സതീഷ്. ഒടുവില്‍ അയാള്‍
സ്നേഹപൂര്‍വ്വം ആ സത്യവും കൂടി പറഞ്ഞു. ഈ ജോലി നിനക്ക് പറ്റിയതല്ല. നീ ഇതിലും
ഒക്കെ നല്ല ഒരു ജോലി അര്‍ഹിക്കുന്നുണ്ട്. നിന്നെ ഞാന്‍ തിരിച്ചു മാന്‍പവര്‍
ഓഫീസില്‍ കൊണ്ടുചെന്നക്കാം. അയാളുടെ കൂടെ വണ്ടിയില്‍ ഇരിക്കുമ്പോള്‍ എലീസ തനിക്ക്
വേണ്ടി ഇട്ട അരി തിളച്ചു കാണുമോ എന്നലോചിക്കാതിരുന്നില്ല, സതീഷ്.
രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ മറ്റൊരു
വീട്ടില്‍ ഹൌസ് ബോയിയെ വേണം എന്ന് പറഞ്ഞപ്പോള്‍ വേറൊന്നും ആലോചിച്ചില്ല. വീണ്ടും
പുറപ്പെട്ടു.
ഇപ്രാവശ്യം ഒരു അറബിയുടെ വീട്ടില്‍
ആയിരുന്നു. അറബിയുടെ ഡ്രൈവര്‍ ആണ് കൂട്ടികൊണ്ടുപോയത്. കൊട്ടാരം പോലത്തെ വീട്. നാലോ
അഞ്ചോ കാറുകള്‍ മുറ്റത്ത് കിടക്കുന്നുണ്ട്. കാശുകാരനായ അറബി ആണ്. ഔട്ട്ഹൗസ്
പോലത്തെ ഒരു ചെറിയ മുറിയില്‍ കാത്തിരുന്നു. പത്ത് മിനിട്ട് കഴിഞ്ഞു കാണും, വീട്ടുകാരനായ
അറബിയായിരിക്കണം, ഒരാള്‍ വന്നു കുറെ കാര്യങ്ങള്‍ ചോദിച്ചു. എല്ലാം നല്ല ഇംഗ്ലീഷില്‍.
എല്ലാം മനസ്സിലായെങ്കിലും ഒന്നിനും വ്യക്തമായി മറുപടി പറഞ്ഞില്ല....
അറബിയുടെ വീട്ടിലേയ്ക്ക്
കൂടിക്കൊണ്ടുപോയ അതെ ഡ്രൈവര്‍ തന്നെയാണ് തിരിച്ചും മാന്‍ പവര്‍ ഓഫീസില്‍
കൊണ്ടുവന്നാക്കിയത്. ആ വീട്ടുകാര്‍ക്കും ഈ ഹൗസ് ബോയിയെ വേണ്ട.....!
അയാള്‍ക്ക് കുറച്ചുകൂടി ‘സ്റ്റാന്‍ഡേര്‍ഡ്’
ഉള്ള ആളെ ആണ് ആവശ്യം. തനിക്ക് സ്റ്റാന്‍ഡേര്‍ഡ് പോരാത്രേ.... മാന്‍ പവര്‍
ഓഫീസുകാരന്റെ വിശദീകരണം കേട്ടപ്പോള്‍ ചിരിക്കണോ കരയണോ എന്നറിയില്ലായിരുന്നു,
സതീഷിന്.
അപ്പോഴാണ് ശ്രദ്ധിച്ചത്......കാഴ്ച്ചയില്‍
തന്നെ ഒരു ഹൌസ് ബോയ് ആയിക്കൊട്ടെയെന്നു കരുതി ഉള്ളതില്‍ ഏറ്റവും മോശം ഷര്‍ട്ടും
പാന്റ്സും ആണ് താനിട്ടിരിക്കുന്നത്. ഷൂവിനു പകരം നാട്ടില്‍നിന്നു കൊണ്ടുവന്ന
റബ്ബര്‍ചെരുപ്പും....
“നിര്‍ഭാഗ്യത്തിനു ഒരു മറുവാക്ക് തേടുകയാണിപ്പോള്‍,
ഞാന്‍”, സാന്‍വിച്ചിനു പുറകെ എത്തിയ പെപ്സി പൊട്ടിച്ച്, ഒരു സിപ് എടുത്തിട്ടാണ്
സതീഷ് പറഞ്ഞു നിര്‍ത്തിയത്.
അടുത്ത ലോഡ് എത്തിയ വിവരം അറിഞ്ഞപ്പോള്‍
സതീഷ് എഴുന്നേറ്റു. തോളില്‍ക്കിടന്നിരുന്ന തോര്‍ത്ത് എടുത്ത് ഒന്ന് വീശി.
“പോരുന്ന അന്നാണ് അച്ഛന് വര്‍ഗീസ്
ചേട്ടന്റെ തുണിക്കടയില്‍ നിന്നും മുപ്പതു രൂപയ്ക്ക് ആറു തോര്‍ത്ത്
വാങ്ങിച്ചുകൊണ്ടുവന്നത്. തോര്‍ത്ത് ഗള്‍ഫില്‍ വില കൂടുതലാണത്രേ. മകന് ഗള്‍ഫില്‍
കൊണ്ടുപോകനാണന്നു അറിഞ്ഞപ്പോള്‍ വര്‍ഗീസ് ചേട്ടന്റെ വക ഒരെണ്ണം ഫ്രീ.”
ഫ്രീ കിട്ടിയ ഈരെഴതോര്‍ത്ത്
ചുമ്മാടാക്കി സതീഷ് അടുത്ത ലോഡ് ഇറക്കാനായി ഇറങ്ങി നടന്നു.
ആറേഴുമാസങ്ങള്‍ക്ക് ശേഷം കേട്ടു സതീഷ്
ഒരു ഇടത്തരം റെസ്റ്റോറന്റിന്റെ മാനേജര്‍ ആയി ജോലി നോക്കുന്നുവെന്ന്.
സതീഷിനെ പിന്നെ ഇന്നുവരെയും
കണ്ടിട്ടില്ല.
സതീഷിന് നല്ലതും നന്മയും നേരുന്നു.
******************************
6 comments:
ഈ ഗള്‍ഫ് സ്കെച്ച് കൊള്ളാമല്ലോ
കഥയാണോ നടന്ന സംഭവമാണോ?
നടന്ന സംഭവം തന്നെ. വായനക്ക് നന്ദി.
ഇത് വായിച്ചപ്പോള്‍ ഇപ്പോഴത്തെ എന്റെ അവസ്ഥപോലെ തോന്നുന്നു..ഫ്രീ വിസ വിത്ത് ഓവര്‍ ക്വാലിഫികേഷന്‍... ........ .ഇന്റര്‍വ്യൂ നു ചെല്ലുമ്പോള്‍ ഇതേ അവസ്ഥ ....! ഇനി biodata ഒന്ന് തിരുത്തി കൊണ്ട് പോകണം...!
നന്നായിട്ടുണ്ട്.
ഇങ്ങനെ എത്രയോ സതീഷുമാര്‍....ഇവിടെ, ഗള്‍ഫില്‍.
പോസ്റ്റ് വായിച്ച് അഭിപ്രായം പറഞ്ഞതിന് വളരെ സന്തോഷം.
Very touching, Jacob. Well written too. U enable the reader to move along with u and feel the same emotions u had while u were writing. Great work.
Thank you, Manoj.
Post a Comment