Tuesday, 15 January 2013

നക്കലിലെ രാത്രി


നക്കല്‍ ഒരു സ്ഥലനാമം ആണ്.

മസ്കറ്റില്‍ നിന്നും ഏകദേശം 100 കിലോമീറ്ററില്‍ താഴെ, ഒമാന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി ഒരു ചെറിയ ടൌണ്‍ ഷിപ്‌. 90 കളുടെ ആദ്യം. അന്നിത്രയും വികസിച്ചിട്ടില്ല നക്കല്‍. ഒന്നോ രണ്ടോ ചെറിയ ഹോട്ടലുകള്‍. അഞ്ചോ ആറോ ഒറ്റ മുറി സൂപ്പര്‍ മാര്‍ക്കറ്റുകള്‍. അത്രയും തന്നെ തയ്യല്‍ക്കടകളും. റസ്താക്ക് എന്ന മറ്റൊരു ടൌണില്‍ നിന്നും  നക്കല്‍ വഴി മസ്കറ്റിലേക്ക് വരാം. നിറയെ വളവുകളും കയറ്റിറക്കങ്ങളും നിറഞ്ഞ വീതി കുറഞ്ഞ റോഡ്‌. ഒരു ഭാഗത്ത്‌ ചെങ്കുത്തായ മലനിരകള്‍. മറുവശം, വര്‍ഷങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കിനൊപ്പം നീന്തിപ്പോയ കല്ലിനും മണ്ണിനും പകരം അഗാധ ഗര്‍ത്തങ്ങളോട് കൂടിയ ‘വാദി’കളാണ്. (വാദി അറബിക് ആണ്.  കനാല്‍  എന്നര്‍ത്ഥം.)

 റസ്താക്കില്‍ നിന്നും മസ്കറ്റിലേക്ക് വരികയാണ്, സുഹൃത്ത് അഹമ്മദും ഞാനും. സമയം രാത്രി 11 കഴിഞ്ഞിട്ടുണ്ട്. വഴിവിളക്കുകള്‍ ഇല്ലാത്ത, വിജനമായ റോഡിലൂടെ അഹമ്മദ്‌  വണ്ടി ഓടിക്കുകയാണ്. അഹമ്മദിന് പച്ചക്കറി കച്ചവടം ആണ്. ഒമാന്‍റെ പടിഞ്ഞാറ് ഭാഗത്തുള്ള ‘ബാത്ന’ പ്രദേശങ്ങളിലെ തോട്ടങ്ങളില്‍ നിന്നും മൊത്തമായി വാങ്ങുന്ന പച്ചക്കറി ഓരോ ചെറിയ ടൌണ്‍കളിലെയും കടകളില്‍ വില്‍ക്കുന്നു. രാവിലെ ഇറങ്ങിയാല്‍ രാത്രിയാണ് തിരിച്ചുപോക്ക്. അവധി ദിവസ്സങ്ങളില്‍   എന്നെയും കൂട്ടും.

 ചൂട്. ഇരുട്ട്. മരുഭൂമി.....  വിരസമായ പകല്‍ യാത്രയുടെ ക്ഷീണം എന്നെ പതുക്കെ ഉറക്കിത്തുടങ്ങിയിരുന്നു. ഇടയ്ക്കെപ്പോഴോ കണ്ണ് തുറന്നോപ്പോഴാണ് ആ കാഴ്ച കണ്ടത്. കുറേ പേര്‍ വണ്ടിക്കു കൈ കാണിക്കുന്നു. അഹമ്മദ്‌ ബ്രേക്ക്‌ ചവുട്ടി, വേണോ എന്ന എന്റെ ആശങ്ക കാര്യമാക്കാതെ. വേഗതയുടെ ഊക്കില്‍ നൂറ് മീറ്ററിനും അപ്പുറത്തായി നിന്ന വണ്ടിയിലെയ്കു ഓടിയെത്തുകയായിരുന്നു, അവര്‍ നാല് പേര്‍. ഞാന്‍ വിന്‍ഡോ ഗ്ലാസ്‌ താഴ്ത്തി. “ഞങ്ങളെ നക്കല്‍ ടൌണില്‍ ഒന്നിറക്കാമോ. ടാക്സി ഒന്നും കിട്ടുന്നില്ല. പൈസ തരാം.”

 “പുറകില്‍ ഇരിക്കാമെങ്കില്‍ കയറിക്കോളൂ.”, അഹമ്മദ്‌ അത് പറഞ്ഞതും ഞാന്‍ കൈ എത്തിച്ചു പുറകിലെ ഡോര്‍ തുറന്നു. വില്‍ക്കാതെ ബാക്കി  വന്ന പച്ചക്കറികള്‍  ഒരരികിലെയ്കു നീക്കി അവര്‍ നാല് പേരും വണ്ടിയ്കകത്തെയ്കു കയറി. ഒടുവില്‍ കയറിയ ആള്‍ ഡോര്‍ അടച്ചതും, അഹമ്മദ്‌ വണ്ടി എടുത്തു.

 നാലില്‍ ഒരാള്‍ മലയാളി അല്ല എന്ന് കാഴ്ചയില്‍ അറിയാം. മറ്റുള്ളവര്‍ മലയാളികള്‍ ആയിരിയ്കണം.

 അസമയത്ത് കൂട്ട് കിട്ടിയ കൂട്ടരെ പരിചയപ്പെട്ടിരിയ്ക്കാം.......

 “ഇവിടെ, ഈ നേരത്ത് എന്താ പരിപാടി?”, എന്റെ ആ ചോദ്യത്തില്‍ വലിയ പ്രസക്തി ഇല്ലാത്ത മട്ടില്‍ അഹമ്മദ്‌ വണ്ടി ഓടിച്ചുകൊണ്ടേയിരുന്നു.

 “ഞങ്ങളുടെ കമ്പനിയുടെ കണ്‍സ്ട്രക്ഷന്‍ സൈറ്റ് ഇവിടെയാണ്‌. എന്ന് പറഞ്ഞാല്‍, അങ്ങ് മുകളില്‍, ഒരുപാട് ദൂരെ,  മലകള്‍ക്കും അപ്പുറത്ത്. റോഡില്‍ നിന്നും ഏകദേശം അര കിലോ മീറ്റര്‍ ഉണ്ട് നടക്കാന്‍.  അവിടെ ബതുക്കള്‍ക്ക് സര്‍ക്കാര്‍ വീട് പണിത് കൊടുക്കുകയാണ്. ഞങ്ങളാണ് പണിക്കാര്‍. മേസന്മാര്‍...” കൂട്ടത്തില്‍ പ്രായം തോന്നിക്കുന്ന ആള്‍ ആണ് അത് പറഞ്ഞത്. തങ്ങളെ സംശയിക്കേണ്ടതില്ല എന്നറിയിക്കാന്‍ വേണ്ടി ഒറ്റ ശ്വാസത്തില്‍ ആണ് അയാള്‍ അത് പറഞ്ഞു തീര്‍ത്തത്.

 ബതുക്കള്‍ എന്ന് പറഞ്ഞാല്‍  ആദികാല അറബികള്‍ എന്നര്‍ത്ഥം.... അവരില്‍
മിക്കവരും ദരിദ്രര്‍ ആണ്. ആദികാല മനുഷ്യര്‍ എന്നും എവിടെയും പാവപ്പെട്ടവര്‍ തന്നെ.....!

 “ആഴ്ചയില്‍ ആറു ദിവസവും ജോലി. വെള്ളിയാഴ്ചകളില്‍ ഓഫ്‌. വ്യാഴാഴ്ച രാത്രികളില്‍ ഞങ്ങളുടെ താമസ സ്ഥലത്തേയ്ക്ക് പോരും. നക്കലില്‍.....” ആദ്യം മറുപടി പറഞ്ഞ ആള്‍ തന്നെ. മറ്റു മൂന്നു പേരുടെയും മൌനം അത് ശരി വയ്ക്കുന്നുണ്ട് എന്ന് തോന്നുന്നു.

 “ശനിയാഴ്ച അതിരാവിലെ ഞങ്ങള്‍ തിരിച്ചു പോകും, ആഴ്ചയിലെ ഒരേ ഒരു അവധിയും കഴിഞ്ഞ്‌....”

 ആറു ദിവസത്തെ സൃഷ്ടിയുടെ അധ്വാനവും കഴിഞ്ഞു ദൈവം ഏഴാം ദിവസം വിശ്രമം എടുത്തില്ലായിരുന്നുവെങ്കില്‍, ലോകത്ത്‌ അവധി എന്ന വ്യവസ്ഥ ഉണ്ടാകുമായിരുന്നില്ല എന്ന് തോന്നി.

 “അപ്പോള്‍ താമസം സൈറ്റിന് അടുത്തു തന്നെ, അല്ലെ?”

 “അതെ. ടെന്റുകള്‍ കെട്ടിയിട്ടുണ്ട്. ഞങ്ങളെ കൂടാതെ വേറെയും ജോലിക്കാര്‍ ഉണ്ട്. പല നാട്ടുകാര്‍.”

 “അവര്‍ക്ക് അവധി ഇല്ലേ?” എന്‍റെ ചോദ്യം അഹമ്മദിന് അത്ര പിടിച്ചില്ല എന്ന് തോന്നി.

 “അവധി എല്ലാവര്‍ക്കും ഉണ്ട്. പക്ഷെ പലരും എങ്ങും പോകാറില്ല. എവിടെ പോകാന്‍? നാല്‍പതു ഡിഗ്രിക്കും മുകളിലെ കൊടും ചൂടില്‍ ജോലി ചെയ്തു തളരുമ്പോള്‍, എങ്ങിനെയെങ്കിലും ഒന്ന് നടു നിവര്‍ത്തണം എന്നേ തോന്നൂ. അപ്പോള്‍ ടെന്റുകളില്‍ തന്നെ കൂടും, അവധി ദിവസങ്ങളിലും. ഞങ്ങള്‍ പിന്നെ...ഇവിടെ ടൌണില്‍ സുഹൃത്തുക്കള്‍ ഉണ്ട്. അവരുടെ കൂടെ ഒരു ദിവസം നാട്ടുവിശേഷം ഒക്കെ പറഞ്ഞു....ഇത് കൂടിയില്ലെങ്കില്‍.....ജയിലിനു തുല്ല്യം ആണ് ജീവിതം.”

പരസ്പരം പേരും നാടും പറഞ്ഞു വഴിയാത്രക്കാരുമായി കൂടുതല്‍ അടുത്തു. പറഞ്ഞു വന്നപ്പോള്‍ ഒരാളുടെ ബന്ധു വീട് നാട്ടില്‍ വീടിനടുത്താണ്.

അന്യദേശത്ത്‌ അസമയത്ത് കണ്ടുമുട്ടിയ അപരിചിതന്‍ നാട്ടുകാരനായി മാറുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന അത്ഭുതവും സന്തോഷവും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായോ എന്ന് സംശയം തോന്നാതിരുന്നില്ല, അപ്പോള്‍.

പാതിരാത്രി കഴിഞ്ഞപ്പോഴേയ്ക്കും നക്കല്‍ എത്തി.

“ദാ അവിടെ, ആ തയ്യല്‍ക്കടയുടെ മുന്‍പില്‍ നിര്‍ത്തിയാല്‍ മതി. അത് കൂട്ടുകാരന്‍റെ കടയാണ്.” അടയ്ക്കാതെ കൂട്ടുകാര്‍ക്ക് വേണ്ടി കാത്ത്തിരിയ്ക്കുന്ന തയ്യല്‍ക്കടയുടെ മുന്പിലെയ്ക്ക് അഹമ്മദ്‌ വണ്ടി ചേര്‍ത്ത് നിര്‍ത്തി.

കൂടുതല്‍ വര്‍ത്തമാനം പറഞ്ഞ ആള്‍ തന്നെയാണ് പൈസ എടുത്തു നീട്ടിയതും. അഹമ്മദ്‌ അത് സ്നേഹപൂര്‍വ്വം നിരസിച്ചു. നന്ദിയും സന്തോഷവും ഒരു ചിരിയിലും തുടര്‍ന്നുള്ള, മലയാളിയുടെ ടിപ്പിക്കല്‍ ആയ തലയാട്ടലിലും ഒതുക്കി അവര്‍ നടന്നു നീങ്ങുമ്പോള്‍, നാട്ടുകാരനായ ആള്‍ മാത്രം വണ്ടിയുടെ അടുത്തേക്ക് വന്നു.

“എന്നെ ഇങ്ങനെ ഇവിടെ കണ്ടതായി അവിടെ അറിയണ്ട. അവര്‍ക്ക് അറിയില്ല ഞാന്‍...ഇവിടെ....ഇങ്ങനെ...ഈ അവസ്ഥയില്‍ ആണെന്ന്....നല്ല ജോലിയും ശമ്പളവും ഒക്കെ ആണെന്നാണ് അവര്‍ക്ക് അറിയാവുന്നത്. അത് തിരുത്തണ്ട, പ്ലീസ്.” 

 “ഏയ്‌ ഇതൊക്കെ നമ്മള്‍ നാട്ടില്‍ ആരോടും പറയില്ലല്ലോ. അതോര്‍ത്ത് വിഷമിക്കണ്ട.”

എന്നെ ഇങ്ങനെ കണ്ട വിശേഷം അയാള്‍ അവിടെ ചെന്ന് പറയുമോ എന്ന എന്‍റെ ആശങ്ക ഞാന്‍ അഹമ്മദിനോടെ പറഞ്ഞുള്ളൂ.

ഇരുട്ടിന്‍റെ വിജനതയിലേയ്ക്ക്, ഗീയര്‍ മാറ്റി ഹെഡ്‌ ലൈറ്റ് കൊടുക്കുമ്പോള്‍ അഹമ്മദ്‌ അത് കേട്ടതായി ഭാവിച്ചില്ല.