Wednesday, 28 November 2012

ഫ്രീ വിസ

 തലയില്‍ ചുറ്റിക്കെട്ടിയിരുന്ന വെള്ളത്തോര്‍ത്തു കൊണ്ടുള്ള ചുമ്മാട് അഴിച്ചു തോളിലേയ്ക്ക് ഇട്ടുകൊണ്ടാണ് സതീഷ്‌ അടുത്ത് കിടന്നിരുന്ന ഒഴിഞ്ഞ കസേരയില്‍ വന്നിരുന്നത്.
“വിശപ്പുണ്ട്, ആദ്യം ഒരു സാന്‍വിച്. പുറകെ ഒരു പെപ്സിയും വേണം”. മലയാളിയായ കഫെറ്റീരിയക്കരനോട് ഓര്‍ഡര്‍ പറയുമ്പോള്‍ എനിക്കും ഒരെണ്ണം പറയട്ടെയെന്നു ചോദിക്കാന്‍ സതീഷിന്റെ മര്യാദ മറന്നില്ല.
“ഇന്നെത്ര ലോഡ്‌ ഉണ്ടായിരുന്നു?”,

“രണ്ടു ലോഡ്‌ കഴിഞ്ഞു. ഇനി ഒരെണ്ണം കൂടിയുണ്ട്. ക്ഷീണം ഉണ്ട്. എന്നാലും സാരം ഇല്ല. പണി ഉള്ളപ്പോഴല്ലേ ഉണ്ടാകൂ.”

 അത് പറയുമ്പോള്‍ ജോലിയുടെ ക്ഷീണം മുഖത്ത് വരാതിരിക്കാന്‍ സതീഷ്‌ പ്രത്യേകം ശ്രദ്ധിക്കുന്നത് പോലെ തോന്നി.

സതീഷ്‌, സതീഷ്‌ മേനോന്‍ ആണ്. തൃശൂര്‍ക്കാരന്‍. പഠിപ്പിന് ബിരുദം. കാണാന്‍ സുമുഖന്‍. ലേശം പൊക്കം കുറവെങ്കിലും വിടര്‍ന്ന നെറ്റിയും തുടുത്ത കവിളുകളും ചുരുണ്ട്, കട്ടി കൂടിയ മീശയും ഒക്കെ ചേരുമ്പോള്‍, ആ കുറവ് നികത്തും. എണ്‍പതുകളിലെ ഒരു ബാലചന്ദ്രമേനോന്‍ ലുക്ക്‌.

കുറച്ചുനാളത്തെ അടുപ്പം കൊണ്ട് കൂടുതല്‍ പരിചയം തോന്നിപ്പിക്കുന്ന പ്രകൃതം.

സതീഷ്‌ ഗള്‍ഫില്‍ എത്തിയിട്ട് കുറെ നാളായി. സ്ഥിരമായി ജോലി ആയിട്ടില്ല. വല്ലപ്പോഴും കിട്ടുന്ന “ലോഡിംഗ് അണ്‍ലോഡിംഗ്” ആണ് ഇപ്പോഴത്തെ ജോലി. കൂലി എന്ന് ചുരുക്കിപ്പറയാം, അങ്ങിനെ ഒരു പ്രയോഗം ഗള്‍ഫില്‍ ഇല്ലങ്കിലും.

“സതീഷ്‌ വന്നിട്ട് ഇപ്പോള്‍ ആറേഴു മാസം ആയോ?”

സാന്‍വിച്ചിനു പുറത്തുള്ള വെള്ള പേപ്പര്‍ ഒരു ശല്ല്യം എന്ന മട്ടില്‍ സതീഷ്‌ പിച്ചിക്കീറി മാറ്റുമ്പോഴായിരുന്നു എന്റെ ആ ചോദ്യം.

“നാളേയ്ക്ക് പത്ത് മാസം തികയും...... ഒരു ജന്മം ഉരു ആകാനുള്ള സമയം”. സതീഷിന്റെ ആ പ്രയോഗം എനിക്ക് ഇഷ്ടപ്പെട്ടു.

“സ്ഥിരം ജോലിക്കൊന്നും ശ്രമിച്ചില്ലേ?”

“ശ്രമിക്കുന്നുണ്ട്. ഇടക്കൊക്കെ ഇന്റര്‍വ്യൂവിനും പോകുന്നുണ്ട്”.

ഇന്റര്‍വ്യൂ എന്ന് കേട്ടപ്പോള്‍ അത്ഭുതം തോന്നാതിരുന്നില്ല.

 എംസിഎക്കാരും എംബിഎക്കാരും ഒക്കെ അപൂര്‍വം ആയിരുന്ന തൊണ്ണൂറുകളുടെ ആദ്യം, ഗള്‍ഫിലെ ജോലിക്ക് ഇന്റര്‍വ്യൂകളും അപൂര്‍വം ആയിരുന്നു. ആര്‍ക്കും ആരെങ്കിലും ഉണ്ടാകും എവിടെയെങ്കിലും ഒന്ന് ശരിപ്പെടുത്തിക്കൊടുക്കാന്‍. അച്ഛനോ, ചേട്ടനോ, അമ്മാവനോ.....അങ്ങിനെ ആരെങ്കിലും. ആരുമില്ലാത്തവര്‍ക്കാണ് ഫ്രീ വിസ. എന്ന് പറഞ്ഞാല്‍..... കാശ് കൊടുത്തു “വാങ്ങുന്ന” വിസ. ജോലി ഉറപ്പില്ല. സ്വയം കണ്ടുപിടിച്ചു കൊള്ളണം. തൊഴില്‍ നിയമങ്ങളുടെ ആനുകൂല്യങ്ങള്‍ ഒന്നുമില്ലാത്ത, ഒരു സുരക്ഷിതത്വവും ഉറപ്പില്ലാത്ത  ജോലി, കിട്ടിയാല്‍ തന്നെ നിയമവിരുദ്ധം.

 അത്തരം ഒരു ഫ്രീ വിസയിലാണ് സതീഷും ഗള്‍ഫില്‍ എത്തിയിരിക്കുന്നത്. ഒന്നും രണ്ടും ആയിരങ്ങള്‍ അല്ല, ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്നിലെ നാല്പത്തി അയ്യായിരം രൂപ!.

 തൃശൂര്‍ ടൌണിലെ പ്രശസ്തമായ ഒരു ജൂവെല്ലറി ഷോപ്പിലെ സീനിയര്‍ സെയില്‍സ്മാന്‍ ആയിരുന്നു സതീഷ്‌. എല്ലാവരെയും പോലെ ഗള്‍ഫും സ്വപ്നം കണ്ടു ഒരുനാള്‍ മസ്കറ്റിലേയ്ക്ക്‌ വിമാനം കയറി, ഫ്രീ വിസയില്‍.

 “ഇന്റര്‍വ്യൂവിന് എവിടെയൊക്കെ പോയി?” ഒത്തുവന്നാല്‍ ഒരു ജോലി മാറ്റം എനിക്കും ആകാം എന്നുള്ള ആകാംക്ഷയിലായിരുന്നു എന്റെ ചോദ്യം.

 “പോയ സ്ഥലങ്ങളും അനുഭവവും പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. കേള്‍ക്കുമ്പോള്‍ തമാശയും.”

 ജോലിയൊന്നും ഇല്ലാതെ ഒന്നുരണ്ടു മാസം കടന്നുപോയപ്പോഴാണ് ഒരു മാന്‍പവര്‍ ഓഫീസില്‍ സതീഷ്‌ പേര്‍ രജിസ്റ്റര്‍ ചെയ്തത്. ഒരുമാസം കഴിയുന്നതിനു മുന്‍പേ അവിടുന്നു വിളി വന്നു. ഒരു സുഡാനി കുടുംബത്തിലെ വൃദ്ധനും രോഗിയുമായ പിതാവിനെ നോക്കാന്‍ ഒരു ഹൗസ് ബോയിയെ വേണം. താല്പര്യം ഉണ്ടെങ്കില്‍ പിറ്റേ ദിവസം മാന്‍പവര്‍ ഓഫീസില്‍ ചെല്ലുക. ഒന്നും ആലോചിച്ചില്ല. ഗള്‍ഫിലെ ആദ്യത്തെ തൊഴില്‍ ഹൗസ് ബോയിയുടേതാണങ്കില്‍ അങ്ങിനെ ആകട്ടെ എന്ന് കരുതി. ജോലി ഹൗസ് ബോയിയുടേതാണങ്കിലും ഉള്ളതില്‍ നല്ല പാന്റ്സും ഷര്‍ട്ടും ഷൂസും ഒക്കെ ഇട്ടാണു പോയത്. പറഞ്ഞ സമയത്ത് തന്നെ  മാന്‍പവര്‍ ഓഫീസില്‍ എത്തി.

 സുഡാനിയുടെ ഭാര്യയാണ് അവരുടെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ടുപോയത്. കറുത്ത് തടിച്ച ഒരു സ്ത്രീ. ബലാത്സംഗശ്രമത്തില്‍ നിന്നും രക്ഷ പെട്ട സ്ത്രീ, അഴിഞ്ഞു പോയ വസ്ത്രങ്ങള്‍ തിടുക്കത്തില്‍ വാരിച്ചുറ്റിയ പോലെയായിരുന്നു അവര്‍ വസ്ത്രം ധരിച്ചിരുന്നത്. പിന്നീടാണ് മനസിലായത്, സുഡാനി സ്ത്രീകളുടെ വസ്ത്ര ധാരണ രീതി ഇങ്ങനെയാണെന്ന്‍.

 വീടെത്തിയപ്പോള്‍ അവര്‍ രോഗിയായ ഭര്‍തൃപിതാവിനെ പരിചയപ്പെടുത്തി. സ്ക്കൂള്‍ പ്രായത്തിലുള്ള രണ്ടു മക്കള്‍. കൂടാതെ ഫിലിപ്പൈന്‍സ്കാരിയായ ഒരു വേലക്കാരിയും. ഭര്‍ത്താവ് എത്താന്‍ ഇനിയും വൈകും. അത് വരെ വിശ്രമിക്കാം. ജോലിയും ശമ്പളവും അറിയാന്‍ അയാള്‍ വരണം. മുറിഞ്ഞ ഇംഗ്ലീഷ് ഭാഷയിലുള്ള അവരുടെ സംസാരം എല്ലാം മനസിലായില്ലങ്കിലും മറുത്തൊന്നും പറയാനില്ലായിരുന്നു.

 ഇതിനിടയില്‍ ഫിലിപ്പൈന്‍സ്കാരിയായ ജോലിക്കാരി വന്നു പരിചയപ്പെട്ടു. എലീസ. വഴിയിലും ഷോപ്പുകളിലും ഒക്കെ കണ്ടിട്ടുള്ള ഫിലിപ്പൈന്‍സ്കാരില്‍ ഒരാള്‍ ആണോ ഇവള്‍ എന്ന് ആദ്യം തോന്നാതിരുന്നില്ല. എല്ലാ ഫിലിപ്പൈന്‍സ്കാരി പെണ്ണുങ്ങള്‍ക്കും ഒരേ മുഖം ആണോ എന്ന് തോന്നിക്കും.

 രാത്രി ഉറങ്ങാനുള്ള മുറി അവള്‍ കാണിച്ചുതന്നു. മുറിയിലെ രണ്ടു കട്ടിലുകളില്‍  ഒന്നാണ് എന്റേത്. മറ്റേ കട്ടില്‍ ആരുടെതാണെന്ന്  എലീസ പറഞ്ഞില്ല. ഇന്ത്യക്കാരനായ നിനക്ക് ഞാന്‍ അത്താഴത്തിന് ചോറ് വെയ്ക്കാം എന്ന് പറഞ്ഞു അവള്‍ അടുക്കളയിലേക്ക് പോയപ്പോള്‍ ഉറങ്ങാനുള്ള കട്ടിലിരുന്ന് മുറി ഒന്ന് വീക്ഷിച്ചു, സതീഷ്‌.

 മറ്റേ കട്ടിലോടിനോട് ചേര്‍ന്ന് കിടക്കുന്ന സ്റ്റൂളില്‍ ഒരു ബൈബിളും അതിനു മുകളില്‍ ഒരു കൊന്തയും ഉണ്ട്. കട്ടിലും മുറിയിലെ അന്തരീക്ഷവും കണ്ടപ്പോള്‍ .....പെട്ടന്ന് ഉള്ളിലൂടെ ഒരു തീ കാളി. ദൈവമേ...ഇവളും ഈ  മുറിയിലാണോ ഉറക്കം.... അവിവാഹിതന്റെ നെഞ്ചിലെ മിടിപ്പ് കൂടി. രാത്രി എലീസ കൂടിയുണ്ടാകുമോ ഈ മുറിയില്‍.....

 ചിന്തകള്‍ കാടു കയറും മുന്‍പ് ഒരാള്‍ മുറിയിലേക്ക് കയറി വന്നു. സുഡാനി. ജോലിയും ശമ്പളവും തരേണ്ട ആള്‍. കൈ നീട്ടി. പരിചയപ്പെട്ടു. ചായ തന്നു. ഒരുപാടു വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു, അയാള്‍. നാടും വീടും. പഠിപ്പും അറിവും. അങ്ങിനെ എല്ലാം. നല്ല ഇംഗ്ലീഷ്. നല്ല സംസാരം. അറിയാവുന്ന നല്ല ഇംഗ്ലീഷില്‍ തന്നെ മറുപടിയും പറഞ്ഞു കൊണ്ടിരുന്നു, സതീഷ്‌. ഒടുവില്‍ അയാള്‍ സ്നേഹപൂര്‍വ്വം ആ സത്യവും കൂടി പറഞ്ഞു. ഈ ജോലി നിനക്ക് പറ്റിയതല്ല. നീ ഇതിലും ഒക്കെ നല്ല ഒരു ജോലി അര്‍ഹിക്കുന്നുണ്ട്. നിന്നെ ഞാന്‍ തിരിച്ചു മാന്‍പവര്‍ ഓഫീസില്‍ കൊണ്ടുചെന്നക്കാം. അയാളുടെ കൂടെ വണ്ടിയില്‍ ഇരിക്കുമ്പോള്‍ എലീസ തനിക്ക് വേണ്ടി ഇട്ട അരി തിളച്ചു കാണുമോ എന്നലോചിക്കാതിരുന്നില്ല, സതീഷ്.

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ മറ്റൊരു വീട്ടില്‍ ഹൌസ് ബോയിയെ വേണം എന്ന് പറഞ്ഞപ്പോള്‍ വേറൊന്നും ആലോചിച്ചില്ല. വീണ്ടും പുറപ്പെട്ടു.

 ഇപ്രാവശ്യം ഒരു അറബിയുടെ വീട്ടില്‍ ആയിരുന്നു. അറബിയുടെ ഡ്രൈവര്‍ ആണ് കൂട്ടികൊണ്ടുപോയത്. കൊട്ടാരം പോലത്തെ വീട്. നാലോ അഞ്ചോ കാറുകള്‍ മുറ്റത്ത്‌ കിടക്കുന്നുണ്ട്. കാശുകാരനായ അറബി ആണ്. ഔട്ട്‌ഹൗസ് പോലത്തെ ഒരു ചെറിയ മുറിയില്‍ കാത്തിരുന്നു. പത്ത്‌ മിനിട്ട് കഴിഞ്ഞു കാണും, വീട്ടുകാരനായ അറബിയായിരിക്കണം, ഒരാള്‍ വന്നു കുറെ കാര്യങ്ങള്‍ ചോദിച്ചു. എല്ലാം നല്ല ഇംഗ്ലീഷില്‍. എല്ലാം മനസ്സിലായെങ്കിലും ഒന്നിനും വ്യക്തമായി മറുപടി പറഞ്ഞില്ല....

 അറബിയുടെ വീട്ടിലേയ്ക്ക് കൂടിക്കൊണ്ടുപോയ അതെ ഡ്രൈവര്‍ തന്നെയാണ് തിരിച്ചും മാന്‍ പവര്‍ ഓഫീസില്‍ കൊണ്ടുവന്നാക്കിയത്. ആ വീട്ടുകാര്‍ക്കും ഈ ഹൗസ് ബോയിയെ വേണ്ട.....!

 അയാള്‍ക്ക്‌ കുറച്ചുകൂടി ‘സ്റ്റാന്‍ഡേര്‍ഡ്’ ഉള്ള ആളെ ആണ് ആവശ്യം. തനിക്ക് സ്റ്റാന്‍ഡേര്‍ഡ് പോരാത്രേ.... മാന്‍ പവര്‍ ഓഫീസുകാരന്‍റെ വിശദീകരണം കേട്ടപ്പോള്‍ ചിരിക്കണോ കരയണോ എന്നറിയില്ലായിരുന്നു, സതീഷിന്.  

 അപ്പോഴാണ്‌ ശ്രദ്ധിച്ചത്......കാഴ്ച്ചയില്‍ തന്നെ ഒരു ഹൌസ് ബോയ്‌ ആയിക്കൊട്ടെയെന്നു കരുതി ഉള്ളതില്‍ ഏറ്റവും മോശം ഷര്‍ട്ടും പാന്റ്സും ആണ് താനിട്ടിരിക്കുന്നത്. ഷൂവിനു പകരം നാട്ടില്‍നിന്നു കൊണ്ടുവന്ന റബ്ബര്‍ചെരുപ്പും....

 “നിര്‍ഭാഗ്യത്തിനു ഒരു മറുവാക്ക്‌ തേടുകയാണിപ്പോള്‍, ഞാന്‍”, സാന്‍വിച്ചിനു പുറകെ എത്തിയ പെപ്സി പൊട്ടിച്ച്, ഒരു സിപ്‌ എടുത്തിട്ടാണ് സതീഷ്‌ പറഞ്ഞു നിര്‍ത്തിയത്.

 അടുത്ത ലോഡ്‌ എത്തിയ വിവരം അറിഞ്ഞപ്പോള്‍ സതീഷ്‌ എഴുന്നേറ്റു. തോളില്‍ക്കിടന്നിരുന്ന തോര്‍ത്ത്‌ എടുത്ത് ഒന്ന് വീശി.

 “പോരുന്ന അന്നാണ് അച്ഛന്‍ വര്‍ഗീസ്‌ ചേട്ടന്റെ തുണിക്കടയില്‍ നിന്നും മുപ്പതു രൂപയ്ക്ക് ആറു തോര്‍ത്ത് വാങ്ങിച്ചുകൊണ്ടുവന്നത്. തോര്‍ത്ത്‌ ഗള്‍ഫില്‍ വില കൂടുതലാണത്രേ. മകന് ഗള്‍ഫില്‍ കൊണ്ടുപോകനാണന്നു അറിഞ്ഞപ്പോള്‍ വര്‍ഗീസ്‌ ചേട്ടന്റെ വക ഒരെണ്ണം ഫ്രീ.”

ഫ്രീ കിട്ടിയ ഈരെഴതോര്‍ത്ത്‌ ചുമ്മാടാക്കി സതീഷ്‌ അടുത്ത ലോഡ്‌ ഇറക്കാനായി ഇറങ്ങി നടന്നു.

ആറേഴുമാസങ്ങള്‍ക്ക് ശേഷം കേട്ടു സതീഷ്‌ ഒരു ഇടത്തരം റെസ്റ്റോറന്റിന്റെ മാനേജര്‍ ആയി ജോലി നോക്കുന്നുവെന്ന്.

സതീഷിനെ പിന്നെ ഇന്നുവരെയും കണ്ടിട്ടില്ല.

സതീഷിന് നല്ലതും നന്മയും നേരുന്നു.
 
 
******************************

Monday, 12 November 2012

വാടക കളിക്കാരന്‍


ഖാലിദിന്റെ മൂന്ന്‍ പന്തില്‍ കൂടുതല്‍ എനിയ്ക് ഫേസ് ചെയ്യാന്‍ പറ്റിയിട്ടില്ല. മൂന്നാമത്തെ പന്തിനു ഔട്ടാകും.

ആഴ്ചയില്‍ ഒരു ദിവസത്തെ ക്രിക്കറ്റ്‌ കളി ആണ്. ഒന്നോ രണ്ടോ പ്രാവശ്യമേ കഷ്ടിച്ച് ബാറ്റ് ചെയ്യാന്‍ സാധിയ്ക്കൂ. അപ്പോഴേയ്ക്കും സമയം തീരും. ഖാലിദ്‌ കളിയ്ക്കാന്‍ കൂടിയതില്‍പിന്നെ നാലഞ്ച് ആഴ്ചകളായി ഇതാണ് അവസ്ഥ.

 ഗള്‍ഫിലെ വെള്ളിയാഴ്ചകളിലെ മധ്യാഹ്നങ്ങള്‍ ക്രിക്കറ്റിനുള്ളതാണ്. പത്തും പതിനഞ്ചും പേര്‍ രണ്ടു ടീമായി തിരിഞ്ഞു  പത്ത് ഓവര്‍ വീതം ഉള്ള ഒന്നോ രണ്ടോ ഗെയിം. രണ്ടു മണിക്കൂര്‍ കഷ്ടി. അപ്പോഴേയ്ക്കും തീരും സമയം. പണ്ട് സ്കൂള്‍ കാലത്ത്  വെള്ളിയാഴ്ചകളില്‍ വീണു കിട്ടിയിരുന്ന രണ്ടര മണിക്കൂര്‍ നീളമുള്ള ഇന്റര്‍വെല്ലുകളിലെ പോലെ ഒരു നേരം പോക്ക്.

 ആദ്യമൊക്കെ ഖാലിദിനോട് നീരസം തോന്നാതിരുന്നില്ല. ഹൈദരാബാദ്‌കാരനായ സുഹൃത്ത് ഷമീമിന്റെ സുഹൃത്ത്‌ ആണ് ഖാലിദ്‌. ഒമാനിലെ ഒരു പ്രമുഖ ക്ലബ്ബിന്റെ ഹോക്കി കളിക്കാരനാണ് ഖാലിദ്‌. പാകിസ്താനില്‍ നിന്നും കളിയ്ക്കാന്‍ കൊണ്ട് വന്നിരിക്കുകയാണ്. വാടകക്ക് . നന്നായി ക്രിക്കറ്റും കളിയ്ക്കും. പതുക്കെ പരിചയപ്പെട്ടു. സുഹൃത്തായി. പിന്നീട് ഖാലിദ്‌ എന്ന ക്രിക്കറ്റ്‌ കളിക്കാരനോട്  ബഹുമാനവും തോന്നി.

 ഒമാനിലെയ്കു വരുന്നതിനു മുന്‍പ് ആള്‍ പാകിസ്ഥാന്‍ ദേശീയ ക്രിക്കറ്റ്‌ ടീമിലെ സലിം മാലിക്കിനെപ്പോലുള്ള അന്താരാഷ്ട്ര താരങ്ങള്‍ക്ക് പ്രാക്ടീസിനു പന്ത് എറിഞ്ഞു കൊടുക്കുമായിരുന്നു. ടെലിവിഷനില്‍ കളി കണ്ടു പഠിച്ച എനിക്ക് ഖാലിദിന്റെ  മൂന്നു ബോള്‍ എങ്കിലും ഫേസ് ചെയ്യാന്‍ സാധിയ്കുന്നത് അപ്പോള്‍ വലിയ കാര്യം ആയി തോന്നി. മൂന്നാമത്തെ ബോളില്‍ ഔട്ട്‌ ആകുന്നതില്‍ ചെറിയൊരു ഗമയും തോന്നാതിരുന്നില്ല, ക്രിക്കറ്റ്‌ കളിക്കാത്ത സുഹൃത്തുക്കള്‍ക്കിടയില്‍ പ്രത്യേകിച്ചും.

 ഖാലിദ്‌ നാല് മക്കളുടെ പിതാവാണ്. വയസു 38 ആകുന്നു.  ഒമാനില്‍ വന്നിട്ട് വര്‍ഷം ഏഴ് ആയി. തുടര്‍ച്ചയായി ഒരേ ക്ലബിനു വേണ്ടി കളിക്കുന്നു. ഒമാന്‍ നാഷണല്‍ ടൂര്‍ണമെന്റികളില്‍ പലപ്പോഴും ഖാലിദിന്റെ ക്ലബിന് ആയിരുന്നു നേട്ടങ്ങള്‍. സംശയം ഇല്ല, വടകകളിക്കാരന്റെ മികവ് കൊണ്ട് തന്നെ. പക്ഷെ ഖാലിദ്‌ സന്തോഷവാനല്ല.

 ക്ലബ്ബിനോട് ചേര്‍ന്ന കഫെറ്റീരിയയിലാണ് കളിക്ക് ശേഷം സംഘം ചേരുക. എല്ലാവര്‍ക്കും ഓരോ സുലൈമാനി. ഓള്‍ഡ്‌ മങ്ക് റമ്മിന്റെ നിറമുള്ള, ഉയരം കുറഞ്ഞു വാവട്ടം കൂടിയ ചില്ലുഗ്ലാസ്സിലാണ് അന്നൊക്കെ സുലൈമാനി കിട്ടുക. കട്ടന്‍ ചായയുടെ നിറം കൂടി ആകുമ്പോള്‍ ഗ്ലാസ്സിന് അതിന്റെ  അസ്തിത്വം നഷ്ടപ്പെടും. ഇന്ന് അങ്ങനെത്തെ ഗ്ലാസ്സുകള്‍ കഫെറ്റീരിയകളില്‍ കാണാറില്ല.

സുലൈമാനിയുടെ അത്തരം സായാഹ്നങ്ങളില്‍ ഖാലിദ്‌ മനസ്സ് തുറക്കും.

തന്റേത്  “പ്രൊഫെഷണല്‍  ഗ്രോത്ത്‌” ഇല്ലാത്ത ജോലിയാണ് എന്നാണ് ഖാലിദിന്റെ പരാതി.

 അതില്‍ ശരിയുണ്ട് താനും. വയസ്സു മൂത്ത കളിക്കാരനെ ആര്‍ക്കു വേണം, വാടകക്ക് പ്രത്യേകിച്ചും. എല്ലാ ജോലിയിലും പ്രായം കൂടുമ്പോള്‍ “എക്സ്പീരിയന്‍സ്” കൂടും. പക്ഷെ കളി എന്ന ജോലിയിലെ എക്സ്പീരിയന്‍സിനെ  പ്രായം കുറച്ചുകളയും.

 ക്ലബ്‌ എന്നുവേണമെങ്കിലും ഖാലിദിനെ പിരിച്ചു വിടാം. പിന്നെ എന്ത് ചെയ്യും? ഏതെങ്കിലും ടീം കോച്ച് ആയി വിളിക്കാനും സാദ്ധ്യതയില്ല. വാങ്ങാന്‍ പണമുള്ള ഗള്‍ഫ്‌ നാടുകള്‍ക്ക് കോച്ചിനെ കോച്ചായി തന്നെ കിട്ടും. മൂത്ത കളിക്കാരനെ ആര്‍ക്കു വേണം. ക്രിക്കറ്റില്‍ ആയിരുന്നുവെങ്കില്‍ സാദ്ധ്യതകള്‍ ഒരുപാടുണ്ട്.

എന്തെങ്കിലും വഴി അപ്പോള്‍ തെളിയും എന്ന് പറഞ്ഞു ഖാലിദിനെ ആശ്വസിപ്പിക്കാറാണ് പതിവ്.

കടുത്ത യാഥാസ്തിക പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നുമാണ് ഖാലിദ്‌ വിവാഹം കഴിച്ചിരിക്കുന്നത്. അന്നും ഇന്നും വികസനം ചെന്നെത്താത്ത പാകിസ്താനിലെ ഏതോ ഒരു കുഗ്രാമത്തിലാണ് ഭാര്യ വീട്. ഖാലിദും തനി ഗ്രാമീണന്‍ തന്നെ. ഒരിക്കല്‍, സ്വകാര്യതകള്‍ പങ്കു വക്കുമ്പോഴാണ് ഖാലിദ്‌ അത് പറഞ്ഞത്. താന്‍ ഇന്നുവരെയും  ഒരു സ്ത്രീയുടെ നഗ്നത കണ്ടിട്ടില്ലന്ന്. നാല് മക്കളുടെ പിതാവായത് പിന്നെ എങ്ങിനെയെന്ന് ഷമീം ചോദിച്ചതിനു ഖാലിദിന്റെ മറുപടി നിഷ്കളങ്കമായ ഒരു ചിരി ആയിരുന്നു.

ഒരു കുഗ്രാമം മുഴുവന്‍ രാത്രിയുടെ കൂരിരുട്ടു കൊണ്ട് നിശബ്ദദ പൊതിഞ്ഞു നില്‍ക്കുമ്പോള്‍,.................... ഛെ...മോശം. ഖാലിദ്‌ തന്റെ സുഹൃത്ത്‌ ആണ്. അങ്ങിനെ ചിന്തിച്ചു കൂടാ.

അടുത്ത അവധിക്കു നാട്ടില്‍ പോയ ഖാലിദിനെ പിന്നെ കണ്ടിട്ടില്ല, ഈ പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷവും.